Saturday, 10 November 2012

ഓര്‍മ്മകളേ മരിക്കുക...

ആരോ യവനിക വിണ്ടുമുയര്‍ത്തുന്നു;
ജീവിതനാടക രംഗങ്ങള്‍ കിതയ്ക്കുന്നു-
വേദിയില്‍,കശ്യപശാപമേറ്റ രാജനേ
പോല്‍ ഞാനുമാവേദിയില്‍ ഓര്‍മ്മയറ്റു
നില്‍ക്കുന്നു നിശ്ചലം....
ശകുന്തള വന്നില്ല,മുദ്രമോതിരം കാട്ടിയില്ല;
ഓര്‍മ്മകള്‍ മരിക്കുന്നു നാളത്തെ നാളിന്റെ-
കിനാവുകള്‍ പൂക്കാന്‍...

ഓര്‍മ്മപെടുത്തലുകള്‍ ചോദ്യശരമായ്-
കുറ്റബോധമായ്,കനവില്‍ നിറയവേ-
പകല്‍കിനാവുകള്‍ പണയം‌‌‌കൊടുത്തു-
നേടുന്നു ഞാന്‍ ഒരു ദീര്‍ഘനിശ്വാസ്സം.
ഇടയ്ക്കെപ്പൊഴോ കിതപ്പാറുന്നനേരം-
പോവുന്നു ഞാന്‍ നല്ലകാലത്തിന്‍-
വസന്തമുണ്ണാന്‍....
വയറുനിറച്ചന്നം വിളയുന്ന വയലുകള്‍-
വയല്‍‌പക്ഷികള്‍,നാണം കുണുങ്ങുന്ന-
കുളക്കോഴികള്‍,ഹരിതവര്‍ണ്ണപ്രഭവിതറും-
കുന്നുകള്‍,മേടുകള്‍....
നാടിന്റെ നന്മക്കു മഞ്ഞളാടുന്ന തറവാട്ട-
മ്പലങ്ങള്‍,മുക്കുറ്റികള്‍,മുല്ലവള്ളികള്‍-
മുരളീരവംപൊഴിക്കുന്ന കുയില്‍‌പക്ഷികള്‍..


നില്‍ക്കുന്നുഞാന്‍ ഇന്നിന്റെ മണ്ണില്‍
ഇടറുന്നുചിന്തകള്‍,മുന്നിലാകെ-
അമ്മതന്‍ രക്തമുറ്റിപടര്‍ന്നകോണ്‍ക്രീറ്റു-
വനങ്ങള്‍,പെറ്റമണ്ണീന്റെ രക്തമുറ്റി-
പടുത്ത നക്ഷത്രകോട്ടകള്‍...
ഇടവപാതികറുക്കുന്നു മനസ്സില്‍,
കറുത്തമേഘനാദം മുഴങ്ങുന്നു,കാതി
പെരുക്കുന്നു,കണ്ണിമപൂട്ടുന്നു ഞാന്‍,
ഓര്‍മ്മകളേ മരിക്കുക,ചോദ്യശരമെയ്യാതെ-
പോവുക,ചുടലപറമ്പിലെ ഒഴിഞ്ഞമൂലയില്‍-
ശാന്തരായി കാത്തിരിക്കുക,ഒരുനാള്‍ ഞാന്‍-
വരും,നിങ്ങളെ പുല്‍കുവാന്‍...


No comments:

Post a Comment