Thursday 4 March 2021

എന്നും നീയുമുണ്ട്..

 വൈകിയെത്തുന്ന ചില വസന്തങ്ങൾ 

ആശയറ്റുമുരടിച്ച  പൂമൊട്ടുകളിൽ 

പോലും വിടരാനുള്ള ചിറകുകൾ 

മുളപ്പിക്കാറുണ്ട്!!!!


എരിഞ്ഞു എരിഞ്ഞു തീർന്നിട്ടും 

കരിഞ്ഞു തീരുന്നതിനു മുന്നേ 

എണ്ണ നിറഞ്ഞ വിളക്കിലെ തിരിപോൽ

തെളിഞ്ഞ   ഇന്നിലേക്ക്  വീണ്ടും....


വരികൾക്കപ്പുറം

എഴുതാനാവാത്ത വികാരങ്ങളെ

പേരറിയാത്ത അനുഭൂതികളെ 

പെറ്റുപെരുകിയ ഉന്മാദങ്ങളെ 

 ചേർത്തു പിടിച്ചിനിയൊന്നു നടക്കണം!! 


സ്വപ്നങ്ങളെല്ലാം പെയ്തു തീരുവോളം 

കടൽ ദൂരമെല്ലാം നടന്നു തീരുവോളം

നിന്റെ  ചിറകുകളെ സ്നേഹച്ചരടാൽ

ബന്ധിച്ചു ...

ഇനിവരുന്ന വസന്തകാലസ്മരണകളില്‍

എന്നും നീയുമുണ്ട്.. 


Sunday 18 October 2020

ഉണരാൻ പറയണം

 എഴുതിയെഴുതി തീർക്കണമെന്നു 

എത്ര ആശിച്ചാലും

വാക്കുകൾ മുറിഞ്ഞു 

മനസിൽ ചുരുണ്ടുകൂടുന്ന 

നിനക്ക്‌ ചിലപ്പോഴോക്കെ ആയിരം

സൂചിമുനകളുടെ മൂർച്ചയാണു !!


അതിലാസ്യഭാവത്തിൽ

എന്നിലേക്കെത്തി

പതിയേ പതിയേ ചടുലതയാർന്നു 

ഒരായിരം ഭാവങ്ങളിൽ നിറഞ്ഞു 

വീണ്ടും വീണ്ടും ഒരിഴതെറ്റിയാൽ 

എന്നിൽ ഭ്രാന്തു പൂക്കുന്ന 

നിന്റെ മണമുള്ള  ഓർമ്മകളോട്‌

മൂകതയിൽ നിന്നും

വാക്കുകളിലേക്കൊന്നു

ഉണരാൻ പറയണം !!

Saturday 30 May 2020

കവി


ഒരു നിയോഗം പോലെ ഞാന്‍  അലയുന്നു
വാക്കുകള്‍ക്കു വേണ്ടി...
കടലിരമ്പുന്നതു എനിക്കു കേള്‍ ക്കാം.
തീരത്താഞ്ഞടിക്കുന്ന തിരമാലയും-
നുരഞ്ഞു പൊന്തുന്ന പതയും,
മനസ് പ്രക്ഷുപ്തമാണു.

ഒരു കുളിര്‍ കാറ്റിനു വേണ്ടി ഞാന്‍
കൊതിക്കുന്നു, എന്നില്‍
ഉരുണ്ടു കൂടിയ കാര്‍ മേഘങ്ങള്‍
പെയ്തൊഴിയാന്‍ ....

ആവനാഴിയിലെ അവസാനത്തെ
അമ്പും കയ്യിലേന്തി തൂലിക
നെഞ്ചോടടുക്കി പിടിച്ചു ഞാന്‍ -
കേഴുന്നു,പ്രാണവേദനയോടെ,
വാക്കുകള്‍ ക്കു വേണ്ടി.

മുന്നില്‍  പ്രതിബന്ധങ്ങളില്ല,
വിശാലമായ ലോകം...
ചുറ്റിലും ആളുകളുണ്ട്, അവര്‍  ചിരിക്കുന്നു.
ഞാന്‍  പുലമ്പുന്നു, എന്റെ മാത്രം-
ലോകത്തിലേക്ക് ഒതുങ്ങുന്നു.

എന്നില്‍  ഉരുണ്ടു കൂടിയ കാര്‍ മേഘങ്ങള്‍
പെയ്തൊഴിയാന്‍ .
ഞാന്‍  അലയുന്നു വാക്കുകള്‍ ക്കു വേണ്ടി...
ഒരു നിയോഗം പോലെ…

Sunday 9 February 2020

നിന്റെ വൈഭവം !!!

ഒരിത്തിരിയോളം പോന്ന നുണയിൽ
എന്നിൽ പുലരിവിരിയിച്ചതും
അതിമൃദുലമായി  ഹൃദ്ത്തിലൊരു
കുഞ്ഞു ശ്രുതിയുണർത്തിയതും
അതി തീക്ഷ്ണമായി എന്നിലേക്കാഴ്ന്നിറങ്ങി
ആസക്തിയുടെ വേരുകളാൽ
എന്നെ തളച്ചിട്ടതും നിന്റെ വൈഭവം !!!

എഴുതിയിട്ടും എഴുതിയിട്ടും തീരാതെ
ചോർന്നു പോയാ പ്രണയത്തിന്റെ
മധുരവും പേറി....
നുരഞ്ഞു പൊന്തുന്ന ഓർമ്മകളുടെ
അജ്ഞാതമായൊരുവികാരവും പേറി
മായമില്ലാത്ത നിന്നെയും തിരഞ്ഞു
ആധുനീകതയിലും അറുപഴഞ്ചനായി
ഈ ഞാനും.....

Sunday 2 December 2018

സുന്ദര ലോകത്തേയ്ക്ക് !


പിറക്കാതെ മരിച്ചു പോയ 
ചിന്തകൾക്ക് പരിഭവം 
പറഞ്ഞിരിക്കാൻ ഒരു കൂട്ട് 
വേണം...
അജ്ഞാതമായ ലോകത്തിരുന്നു
അലക്ഷ്യമായി വഴിതെറ്റിയലഞ്ഞു
മോക്ഷത്തിലെത്തുന്നതുവരേ 
സ്വപ്നങ്ങളിൽ നിന്നും 
ഉണർത്താതെ നിശബ്ദമായി
കൂട്ടിരിക്കാൻ ഒരു കാമിനിയേ 
വേണം....
ആരുമറിയാതെ  നിലാവിന്‍റെ
വെളിച്ചത്തില്‍ സ്വയം മറന്ന്
അങ്ങനെ അങ്ങനെ ....
മറവിയുടെ വാതിൽ സ്വയം 
തുറക്കുന്നത് വരെ 
പിറക്കാതെ മരിച്ചുപോയ 
ചിന്തകൾക്ക് പരിഭവം 
പറഞ്ഞിരിക്കാൻ ഒരു കൂട്ട് 
വേണം...

Tuesday 11 September 2018

ഒരോര്‍മ്മ!!

ചിലതങ്ങനെ  ആണു 
ചില കോറിവരയലുകൾ 
കാലങ്ങൾക്കിപ്പുറവും മായാതെ
ഓർത്തുകൊണ്ടിരിക്കും 
ഒരു പകൽ ദൂരത്തിനുമപ്പുറം
മാഞ്ഞുപോകുന്ന ഒരോർമ്മയായിരുന്നു
എങ്കിലും ഓരോ പുലരിക്കൊപ്പവും
ഉണരുകയും ഉത്തരം തേടിയലയുന്ന
ഒരിക്കലുമുണങ്ങാത്ത തീക്ഷ്ണമായ 
ഒരു മുറിവായി പ്രാണനിൽ 
അവശേഷിക്കുകയും ചെയ്യും 

നെഞ്ചിലൂടെ ഇരമ്പിയോടുന്ന 
ഓർമ്മകളോട്  വെറുതെയെങ്കിലും
ഇടക്കൊന്നു പരിഭവിച്ചു നോക്കും 
ആത്മാവിന്റെ ആഴങ്ങളിലേക്ക് 
പേരുചൊല്ലി വിളിച്ചുനോക്കും
 പ്രണയം പറഞ്ഞു നോക്കും!! 
മാഞ്ഞു മാഞ്ഞു മറവിയുടെ 
അറ്റത്തുനിന്നും നീ വീണ്ടും 
പുനർജനിക്കുമ്പോൾ  എനിക്ക്
ചിലപ്പോൾ തോന്നും ഭ്രാന്താണെന്ന് !!

Saturday 1 September 2018

ഒരു യാത്ര

ചിന്തിച്ചു ചിന്തിച്ചു ഓർമ്മയുടെ
അറ്റത്തോളമെത്തുമ്പോൾ 
വെറുതെ കൊതിച്ചിട്ടുണ്ട്
തിരിച്ചു നടക്കാനുള്ള വഴി
മറന്നു പോയെങ്കിലെന്നു !!

ചിലപുലരിയിലെങ്കിലും 
കൊതിച്ചിരിന്നിട്ടുണ്ട്
മരിച്ചുറങ്ങിയ
സ്വപ്നലോകത്ത്നിന്നും 
ഉണരാതിരുന്നെങ്കില്ലെന്നു!!!

ചിലപ്പോഴൊക്കെ
വീണ്ടുമെഴുതാനാവാത്ത 
വാക്കുകൾ ഇടറിയ കവിത പോലെ
ഓർമ്മയും ഉറക്കവും
ഒളിച്ചു കളിക്കാറുണ്ട് 

എവിടെയാണ് പറയാൻ
കൊതിച്ചതുംകേൾക്കാൻ
ആശിച്ചതും  ഞാൻ മറന്നു വെച്ചത്?
ഇതുവരെ കണ്ടുപിടിക്കാനാവാത്ത 
ആ ഇടത്തിലേക്ക് ഞാൻ മാത്രം
നിന്നെയും ചേർത്ത് വെച്ച്
ഒരു യാത്ര പോകും 


Saturday 14 July 2018

നീയെന്ന ദൂരം

ഒഴുകിയൊഴുകി
ചിന്തകൾ ഇതെങ്ങോട്ടാണ് 
പോകുന്നത് !!
ഇന്നലെ വരെ
വിരഹം തപിച്ചു
ചുട്ടുപഴുത്ത മണൽ
കരയിൽ വീണ്ടും
കനത്തു പെയ്ത പ്രണയം!!
എത്രയെത്ര
കിനാക്കളെയാണ്എന്നിൽ
കഥപറഞ്ഞിരിക്കുന്നതു?

ഒരു വട്ടം കൂടി...
ഒരു മഴയിരമ്പലിലൂടെ
ഒരു നെടുവീർപ്പായി
എത്രയെത്ര രാവുകൾ
ആശയും പ്രണയവും
പറഞ്ഞിരിക്കാതെ 
എന്റെ ആത്മാവിലേക്ക് 
ശരീരം തുറന്നവൾ !!
ഒടുവിൽ ഒരിക്കലും 
ഉണങ്ങാത്ത
ഒരു മുറിവാകാൻ
വിധിക്കപെട്ടവൾ!!

Thursday 3 May 2018

കാട്ടാളാ!!

അയലത്തെ പെണ്ണു
വായുകോപിച്ചോന്നു
ഓക്കാനിച്ചാൽ
നീയറിയും...
എന്നിട്ടുമെന്തേ
കഴുകൻ കൊത്തി -
വലിച്ചവൾ
നിലവിളിക്കുമ്പോൾ
നീയറിയാതേ പോണു
കാട്ടാളാ!!!!!

Sunday 11 February 2018

കവിതയിൽ ജീവിക്കാം

പച്ച ജീവിതത്തിന്റെ നിലാവ്
പൂക്കുന്നയിടങ്ങളിൽ
തനിച്ചിരിന്നിട്ടുണ്ടോ?
ഓർമ്മയുടെ അറ്റത്തോളം നടന്നു
ഇന്നിലേക്ക് വീണ്ടും
തിരിഞ്ഞു നോക്കിയിട്ടുണ്ടോ? 
ആത്മാവിലെ ഒരിക്കലുമുണങ്ങാത്ത 
മുറിവിൽ വെറുതെ പിന്നെയും
കോറിവരഞ്ഞു നോക്കിയിട്ടുണ്ടോ?
മനസിലെ ഉന്മാദത്തിനെ 
മുഴുവനുറ്റി പ്രണയിച്ചിട്ടുണ്ടോ?
സ്വപ്നത്തിൽ നിന്നും ഇറങ്ങിയോടാൻ
വഴിയറിയാതെ ഉറങ്ങാതിരുന്നിട്ടുണ്ടോ?
ഉത്തരമില്ലെങ്കിൽ നിനക്ക് എന്റെ 
തൂലിക തുമ്പിൽ നിന്നും പടിയിറങ്ങാം!!!
ഉത്തരങ്ങളുണ്ടെങ്കിൽ നമുക്കൊരുമിച്ച്
വീണ്ടും അർത്ഥമില്ലാത്ത
വാക്കുകൾ കൊണ്ട്കവിതയിൽ ജീവിക്കാം